13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകൾ; ബുംറ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ് ഇയർ
Monday, January 27, 2025 4:51 PM IST
ദുബായ്: ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ് ഇയറായി ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. പരിക്കു കാരണം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നീണ്ട കാലം വിട്ടുനിന്ന ബുംറ 2023 അവസാനത്തോടെയാണു മടങ്ങിയെത്തിയത്.
കഴിഞ്ഞ വർഷം കളിച്ച 13 മത്സരങ്ങളിൽനിന്ന് 71 വിക്കറ്റുകളാണ് താരം നേടിയത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ പരമ്പരകള്‍ നേടുന്നതിൽ ബുംറയുടെ പ്രകടനം നിർണായകമായതായി ഐസിസി വിലയിരുത്തി.
ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും നടന്ന പരമ്പരകളിലും ബുംറ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഒരു കലണ്ടർ വർഷം 70ന് മുകളിൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബുംറ. കപിൽ ദേവ്, അനിൽ കുംബ്ലെ, ആർ.അശ്വിൻ എന്നിവർ മാത്രമാണു മുൻപ് ഈ നേട്ടത്തിലെത്തിയത്.