കൊല്ലപ്പെട്ട രാധയുടെ മുടിയും കമ്മലും കടുവയുടെ വയറ്റില്‍; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
Monday, January 27, 2025 2:57 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
നാല് മുറിവുകളാണ് കഴുത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ഞായറാഴ്ചയാണ് ഈ മുറിവുകള്‍ സംഭവിച്ചിരിക്കുന്നത്. പഴക്കമേറിയ മറ്റ് ചില മുറിവുകളും കടുവയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.
മെറ്റാലിക് ഭാഗങ്ങളൊന്നും കടുവയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മുടിയും ഇവര്‍ ധരിച്ചിരുന്ന കമ്മലും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കടുവയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പൂർത്തിയായതോടെ കടുവയുടെ ജഡം കത്തിച്ച് കളയും.