പോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Monday, January 27, 2025 1:06 PM IST
ന്യൂഡൽഹി: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞത്.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഈ കേസെന്നായിരുന്നു ജയചന്ദ്രന്റെ വാദം. ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും.
നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ ഒളിവിലാണ്.