കടുവയുടെ ജഡത്തിൽ പഴക്കമുള്ള മുറിവുകൾ, വെടിയുതിർത്തിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ
Monday, January 27, 2025 10:25 AM IST
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടിവച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അർധരാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30-നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. കടുവയ്ക്ക് ആറോ ഏഴോ വയസ് കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലുണ്ടായ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. ഇതാകാം മരണകാരണമെന്നും അദ്ദേഹം പറഞ്ഞു.
പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി.