തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കി; സിവില്‍ സർവീസ് കോച്ചിംഗ് സ്ഥാപനത്തിന് പിഴ
Sunday, January 26, 2025 10:53 PM IST
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്ന ആരോപണത്തില്‍ സിവില്‍ സർവീസ് കോച്ചിംഗ് സ്ഥാപനത്തിന് പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പിഴ ചുമത്തിയത്.
പരസ്യങ്ങളില്‍ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു പരാതി. ഇക്കാരണം ചൂണ്ടിക്കാട്ടി വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ചുമത്തിയത്.
സ്ഥാപനത്തില്‍ പഠിച്ച വിദ്യാർഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2020ലെ സിവില്‍ സർവീസ് പരീക്ഷയില്‍ ആദ്യത്തെ പത്ത് റാങ്കുകള്‍ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചവരാണെന്ന് അവകാശപ്പെട്ട് ഇവരുടെ ചിത്രങ്ങൾ സഹിതം ആണ് പരസ്യം നൽകിയത് എന്നാണ് ആരോപണം.