എൻഡിഎ സഖ്യം അവസാനിപ്പിക്കണം; ബിജെപിക്കെതിരേ ബിഡിജെഎസിൽ പൊട്ടിത്തെറി
Sunday, January 26, 2025 9:33 PM IST
കോട്ടയം: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിടണമെന്ന ആവശ്യവുമായി ബിഡിജെഎസ് കോട്ടയം ജില്ലാ ഘടകം രംഗത്ത്. ജില്ലാ നേതൃക്യാന്പിലാണ് ഇത് സംബന്ധിച്ച ആവശ്യമുയർന്നത്. ക്യാമ്പിൽ ഐക്യകണ്ഠേന പ്രമേയവും പാസാക്കി.
സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശനമാണ് ജില്ലാ നേതൃത്വം ഉന്നയിച്ചത്. കഴിഞ്ഞ ഒൻപത് വർഷക്കാലമായി ബിജെപി നേതൃത്വത്തിൽ നിന്നും ബിഡിജെഎസ് കനത്ത അവഗണന നേരിടുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉൾപ്പടെയുള്ള പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ - സംസ്ഥാന ഭാരവാഹികളും പ്രമേയത്തെ പിന്തുണച്ചു. ബിജെപി അവഗണന തുടരുന്ന സാഹചര്യത്തിൽ മറ്റ് മുന്നണികളുമായി രാഷ്ട്രീയ ചർച്ചകൾ നടത്താൻ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്. വിഷയത്തിൽ തുഷാർ വെള്ളാപ്പള്ളി ഇതുവരെ പ്രതികരിച്ചിട്ടില്ല.