കടുവയെ വെടിവച്ചുകൊല്ലും; രാധയുടെ മകന് താത്കാലിക ജോലി, നിയമന ഉത്തരവ് മന്ത്രി കൈമാറി
Sunday, January 26, 2025 5:53 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ കടിച്ചുകൊന്ന രാധയുടെ മകന് താത്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കൈമാറി. ഇന്ന് രാധയുടെ വീട് സന്ദർശിക്കാനെത്തിയപ്പോളാണ് മന്ത്രി ഉത്തരവ് കൈമാറിയത്.
കടുവയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശവും അതു തന്നെയാണ്. നിയമോപദേശവും സാങ്കേതികതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നും ഇന്ത്യയിലാദ്യമായാണ് ഇത്തരം ഒരു ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി.
സമരത്തെ തള്ളിപ്പറയില്ലെന്നും രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിന്റെ യാത്ര രാഷ്ട്രീയ പ്രേരിതമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാടിന്റെ പ്രശ്നമായിട്ടാണ് ഇതിനെ കാണുന്നത്. ജനകീയ പ്രശ്നത്തിൽ സർക്കാർ കൂടെ ഉണ്ടാവും. വന്യ ജീവി സ്നേഹികൾ കോടതിയിൽ പോകുന്ന നാടാണിത്. പോയി പോയി ഈ പരുവം ആയെന്നും കോടതിയിൽ നിന്ന് എന്തെങ്കിലും വന്നാൽ അപ്പോൾ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.
29 ന് വീണ്ടും പഞ്ചാരക്കൊല്ലിയിലെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.
രാധയുടെ വീട് സന്ദർശിച്ച് മടങ്ങിയ മന്ത്രി ജനപ്രതിനിധികളുമായി ചർച്ചനടത്തി. പ്രിയദർശിനി എസ്റ്റേറ്റ് ബംഗ്ലാവിലാണ് ചർച്ച. അതിനിടെ രാധയുടെ വീട്ടിലേക്ക് എത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനെ നാട്ടുകാർ തടഞ്ഞു. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാർ മന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടു.
പിലാക്കാവിലാണ് മന്ത്രിയെ തടഞ്ഞത്. രാധയുടെ വീടിനു സമീപത്തായാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞിരിക്കുന്നത്. മന്ത്രിയുടെ വാഹനത്തിനു മുന്നിൽ കിടന്നും ആളുകൾ പ്രതിഷേധിച്ചു. മന്ത്രിയെ നാട്ടുകാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.