പാലക്കാട് നഗരസഭ താഴെ വീഴില്ല; ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചതെന്ന് സുരേന്ദ്രന്
Sunday, January 26, 2025 5:28 PM IST
പാലക്കാട്: സംസ്ഥാന ബിജെപി ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. നിങ്ങൾ വിചാരിക്കുന്ന ഒന്നും പാലക്കാട് നടക്കില്ല. നഗരസഭ താഴെ വീഴില്ല. പന്തളത്തും ഇതല്ലേ പറഞ്ഞതെന്നും സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം.
ഇതിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം മുനിസിപ്പാലിറ്റി കൗൺസിലർമാർ രാജി വച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ രാജിക്കൊരുങ്ങുന്ന കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്.
കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന.