അസംഖ്യം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വിദഗ്ധൻ; ഡോ.കെ.എം. ചെറിയാനെ അനുസ്മരിച്ച് സ്റ്റാലിൻ
Sunday, January 26, 2025 4:59 PM IST
ചെന്നൈ: ഡോ.കെ.എം. ചെറിയാന്റെ വിയോഗം ദുഖകരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വൈദ്യശാസ്ത്രരംഗത്ത് മുന്നേറുന്നതിന് പ്രചോദനമാണ് ഡോ. ചെറിയാന്റെ സംഭാവനകൾ.
അസംഖ്യം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഹൃദ്രോഗവിദഗ്ധനാണ് അദ്ദേഹം എന്നും സ്റ്റാലിൻ പറഞ്ഞു. പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്റെ അന്ത്യം ശനിയാഴ്ച രാത്രി ബംഗളൂരുവിലായിരുന്നു.
രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് മലയാളി കൂടിയായ ചെറിയാൻ. രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്കി ആദരിച്ചിരുന്നു. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു.
വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്. സംസ്കാരം വ്യാഴാഴ്ച.