ബാലതാരമായിരുന്ന നികിതാ നയ്യാര്‍ അന്തരിച്ചു
Sunday, January 26, 2025 3:20 PM IST
കൊച്ചി: "മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിൽ ബാലതാരമായിരുന്ന നികിതാ നയ്യാർ (21) അന്തരിച്ചു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്സൻ കൂടിയാണ് നികിതാ. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. രണ്ട് തവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപാണ് നടന്നത്. ഇതിന് ശേഷം ചികിത്സ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. പിതാവ് ഡോണി തോമസ് (യുഎസ്എ), മാതാവ് നമിത മാധവൻകുട്ടി.
മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. കൊല്ലം കരുനാഗപ്പള്ളിയാണ് കുടുംബത്തിന്റെ സ്വദേശം. സംസ്കാരം തിങ്കളാഴ്ച കൊച്ചിയിൽ നടക്കും.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാഫി ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.