പൂട്ടിക്കിടന്ന വീട്ടിൽനിന്നും 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും കവർന്നു
Sunday, January 26, 2025 1:52 PM IST
കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങളും ഭൂമിയുടെ രേഖകളും കവർന്നു. കെഎസ്ഇബി എൻജിനീയറുടെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം.
സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ വീടിന്റെ മതിൽ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷൻ ജനൽ തകർത്ത് വീടിനുള്ളിൽ കയറിയെന്നാണ് പോലീസ് കണ്ടെത്തൽ.
അലമാരയിൽ ഉണ്ടായിരുന്ന 70 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് കവർന്നത്. സ്വർണാഭരണങ്ങൾക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പോലീസ് ഡോഗ്സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു.