വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്
Sunday, January 26, 2025 11:34 AM IST
വയനാട്: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്. പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജികടുവയെ പിടികൂടാനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ദൗത്യസംഘത്തിനുനേരെ കടുവയുടെ ആക്രമണം ഉണ്ടായത്.
ജയസൂര്യ എന്ന അംഗത്തിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ട് പേർ അടങ്ങുന്ന സംഘങ്ങളായാണ് ഈ മേഘലയിൽ തെരച്ചിൽ നടത്തിയിരുന്നത്. ഇയാളുടെ കൈയിൽ കടുവ മാന്തുകയായിരുന്നു.
കടുവയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടുവ ഈ മേഖലയിൽ തുടരുന്നതായാണ് വിവരം. കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.