കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ
Sunday, January 26, 2025 10:35 AM IST
തിരുവനന്തപുരം: കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും ഗവർണർ പുകഴ്ത്തി. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു ഗവർണറുടെ പ്രസംഗം.
എന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും ഗവർണർ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.