കളക്ടർ എത്തിയില്ല; കടുവയെ പിടികൂടുന്നത് വൈകുന്നു, പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തം
Saturday, January 25, 2025 6:02 PM IST
വയനാട്: കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം ശക്തമാകുന്നു. കളക്ടർ സ്ഥലത്ത് എത്താത്തതിനാല്‍ ദൗത്യം വൈകുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
പ്രതിഷേധക്കാർ ബേസ് ക്യാമ്പിലേക്ക് തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോൾ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഉടൻ ജോലി നല്‍കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കടുവയെ പിടികൂടുകയല്ല, മറിച്ച് ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ കളക്ടർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയണെന്നും എഡിഎം സ്ഥലത്ത് എത്തുമെന്നുമാണ് വിശദീകരണം. നിലവിൽ വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ എത്തിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലി സ്വദേശി രാധ(45) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ഇവരെ കടുവ ആക്രമിച്ചത്.