എബിവിപിയുടെ രക്തദാന ക്യാമ്പിൽ പങ്കെടുത്തില്ല; തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂര മർദനം
Saturday, January 25, 2025 4:31 PM IST
തിരുവനന്തപുരം: എബിവിപിയുടെ രക്തദാന ക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർഥിക്ക് ക്രൂര മർദനം. തിരുവനന്തപുരം ധനുവച്ചപുരത്ത് ആണ് സംഭവം. വിടിഎം എൻഎസ്എസ് കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥി അദ്വൈദിനാണ് മർദനമേറ്റത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. കോളജിൽവച്ച് മൂന്ന് പേർ അടുത്തേക്ക് വിളിച്ച് എബിവിപിയുടെ രക്തദാന ക്യമ്പ് നടക്കുന്നുണ്ടെന്നും രക്തം നൽകണമെന്നും പറഞ്ഞു. എന്നാൽ താൻ ഒന്നര മാസമേ അയിട്ടുള്ളു രക്തം കൊടുത്തിട്ട്, അതിനാൽ ഇപ്പോൾ നൽകാനാവില്ലെന്ന് അവരോട് പറഞ്ഞതായി അദ്വൈദ് പറഞ്ഞു.
പിന്നാലെ മൂന്ന് വിദ്യാർഥികൾ ചേർന്ന് ഒരു മുറിയിലേക്ക് കൊണ്ടുപോയി. നിനക്ക് തടിയൊക്കെ ഉള്ളതല്ലേ, നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ലെന്ന് പറഞ്ഞ് നിർബന്ധിച്ചു. കൊടുക്കാനാവില്ലെന്ന് പറഞ്ഞതോടെ മറ്റ് കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
ആദ്യം മുഖത്ത് അടിച്ചു. പിന്നീട് ചെവിയിലും കഴുത്തിലും പുറത്തുമെല്ലാം തല്ലിയെന്ന് അദ്വൈദ് പറഞ്ഞു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.