കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല
Saturday, January 25, 2025 9:02 AM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡിന്റെ ഉറപ്പ്. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് അദ്ദേഹത്തെ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുന്‍ഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ സുധാകരന് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് മറുപടി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേതൃമാറ്റത്തിനായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷി പാര്‍ട്ടി നേതാക്കളെ പ്രത്യേകമായി കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം.ജോൺ തുടങ്ങിയവരുടെ പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.