നരഭോജി കടുവ കാണാമറയത്ത്; മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി
Saturday, January 25, 2025 6:02 AM IST
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുകയാണ്. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പഞ്ചാരകൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി.
27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
രാധയുടെ മൃതദേഹം ഇന്ന് രാവിലെ 11ന് സംസ്കരിക്കും. മാനന്തവാടി മെഡിക്കൽ കോളജിൽ ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.