ബന്ദിമോചനം; നാലു സൈനികരുടെ പേരു വിവരങ്ങൾ ഹമാസ് പുറത്തുവിട്ടു
Saturday, January 25, 2025 4:54 AM IST
ടെൽഅവീവ്: വെടിനിർത്തലിന്റെ ഭാഗമായി മോചിപ്പിക്കുന്ന നാല് ഇസ്രായേൽ വനിതാ സൈനികരുടെ പേരു വിവരങ്ങൾ ഹമാസ് പുറത്തുവിട്ടു. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെ ഉടൻ കൈമാറുമെന്ന് ഹമാസ് അറിയിച്ചു.
ബന്ദികളാക്കിയവരുടെ പേരുകളുടെ പട്ടിക ലഭിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഇവർ ബന്ധികളായത്. ആറാഴ്ച നീളുന്ന വെടിനിർത്തൽ ഇന്ന് ഏഴാം ദിവസത്തിലെത്തും.
ജനുവരി 19ന് മൂന്നു ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പകരം 90 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.