യുപിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർ മരിച്ചു
Friday, January 24, 2025 2:12 AM IST
ലക്നോ: ഉത്തർപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ലക്നോവിലെ ചിൻഹാട്ടിലെ ദേവാ റോഡിലാണ് സംഭവം. മൂന്ന് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന ഒരു സ്ത്രീയും മകനും അവരുടെ രണ്ട് അയൽവാസികളും സഞ്ചരിച്ച വാനിന്റെ പിന്നിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ ട്രക്കിൽ ഇടിച്ചു.
വാനിലുണ്ടായിരുന്ന നാല് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തെക്കുറിച്ച് മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും അറിയിച്ചിട്ടുണ്ടെന്ന് പോലീസ് ഓഫീസർ പങ്കജ് സിംഗ് പറഞ്ഞു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.