ജയ്ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ട് വിദ്യാർഥിയെ മർദിച്ചു; നാലുപേർ കസ്റ്റഡിയിൽ
Friday, January 24, 2025 12:14 AM IST
ദിസ്പുർ: ആസാമിൽ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മുസ്ലീം വിദ്യാർഥിയെ മർദിച്ച നാലുപേർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.
ആസാമിലെ കച്ചാർ ജില്ലയിലെ സിൽച്ചാറിലെ ചന്ദ്രപൂർ മേഖലയിലാണ് സംഭവം. നർസിംഗ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.
ബുധനാഴ്ച സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിയെ നാല് ആൺകുട്ടികൾ മർദിക്കുകയായിരുന്നു. ഇവർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് മർദനമേറ്റ കുട്ടിയുടെ കുടുംബം ചന്ദ്രപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.