ആര്‍എസ്എസുകാരുടെ ചിത്രത്തിന് മുന്നില്‍ വണങ്ങുന്നവരല്ല തങ്ങൾ; തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി
Thursday, January 23, 2025 7:32 PM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങൾ. അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും ആര്‍എസ്എസ് നേതാക്കളുടെ പടത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് ജയിലില്‍ കിടന്ന് ഒരു പ്ലേറ്റില്‍ ഭക്ഷണം കഴിച്ചുവെന്നൊക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നതുകേട്ടു. സംഘപരിവാറുമായി ഒരുമിച്ചു ഭക്ഷണം കഴിക്കാനൊന്നും ഞാനൊരു കാലത്തും പോയിട്ടില്ല.
അവര്‍ തന്നോട് പെരുമാറിയത് എങ്ങനെയെന്നത് പറയേണ്ട കാര്യമില്ല. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ഞങ്ങളാരും ആര്‍എസ്എസ് തലവന്മാരുടെ മുന്നില്‍ വണങ്ങിനില്ക്കുന്നവരല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ ഇരിക്കുന്ന ഒരൊറ്റയാള്‍ മാത്രമേ ഇപ്പോഴും ഈ നിയമസഭയിലുള്ളൂ. അതാരാണെന്ന് തന്നെകൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന് സഭയില്‍ പറഞ്ഞത്.