കഠിനംകുളം ആതിര കൊലക്കേസ്; പ്രതി പിടിയിൽ
Thursday, January 23, 2025 5:30 PM IST
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്സൺ ഔസേപ്പാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പോലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണ്സണ് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഒരു വർഷമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു.
കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്. ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടു.
ഇത് യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുള്ള ആളാണ് പ്രതി ജോൺസൺ.