നിയമസഭയിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
Thursday, January 23, 2025 4:01 PM IST
തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി പറഞ്ഞു.
വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ൽ വിഴിഞ്ഞം യാഥാർഥ്യമാകും. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ൽ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഐടി മേഖലയിൽ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചു. നിലവിൽ സംസ്ഥാനത്ത് ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്. സർക്കാർ മേഖലയിൽ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ അതെല്ലാം മാറ്റിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എംജി സർവകലാശാലകൾക്ക് എ++ റാങ്ക് ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.