കേരളം കോവിഡിനെ ജയിച്ച നാട്; സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി
Thursday, January 23, 2025 3:11 PM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് കൂടിയ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പിപിഇ കിറ്റിനടക്കം ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ എങ്ങനെയും അത് സംഭരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളം. മഹാമാരിയുടെ രണ്ട് ഘട്ടങ്ങളെ കേരളം വിജയകരമായി അതിജീവിച്ചു. കോവിഡിനെ ജയിച്ച നാടാണിത്. ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നില്ല. വെന്റിലേറ്റര്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല.
സര്‍ക്കാരിന്റെ ഈ ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൃതദേഹം അടക്കം ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു കാലത്തേക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ടിലെ ആരോപണവും മന്ത്രി തള്ളി.