ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി നിയന്ത്രണങ്ങള്‍ക്ക് സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി
Thursday, January 23, 2025 11:52 AM IST
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ക്ക് സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത തീരുമാനങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് പി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് വരെ സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു. അതേസമയം ശിവരാത്രി ഉത്സവങ്ങള്‍ നടക്കാനിരിക്കെ ഇത് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 19നാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തത്. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്.
ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്കാന് ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടൽ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.