ഉന്നതങ്ങളിൽ വിശ്രമിച്ച് സ്വർണവില; 60,000 രൂപയ്ക്കു മുകളിൽതന്നെ
Thursday, January 23, 2025 10:54 AM IST
കൊച്ചി: സംസ്ഥാനത്ത് സർവകാല റിക്കാർഡ് ഉയരത്തിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില. പവന് 60,200 രൂപയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,205 രൂപയും 24 കാരറ്റ് സ്വർണം പവന് 65,672 രൂപയാണ് വില.
ബുധനാഴ്ച പവന് പവന് ഒറ്റയടിക്ക് 600 രൂപയും ഗ്രാമിന് 75 രൂപയും വർധിച്ച സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവൻ വില ആദ്യമായാണ് 60,000 കടന്നത്.
തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച സ്വർണവില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിനു പിന്നാലെയാണ് റിക്കാർഡ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയുടെ റിക്കാർഡാണ് ബുധനാഴ്ച മറികടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
അതേസമയം, വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.