ഹിസ്ബുള്ള നേതാവ് ഷേഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടു
Wednesday, January 22, 2025 4:01 PM IST
ബെയ്റുട്ട്: ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഷേഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാതരുടെ വെടിയേറ്റാണ് ഷേഖ് മുഹമ്മദ് അലി കൊല്ലപ്പെട്ടത്. ലെബനനിലെ ബേക്കായിലെ വീടിനു സമീപത്തുവച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.
ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദിയുടെ വധം.