പിണറായി വിജയനെ വിമർശിച്ചതിന് തന്നെ വേട്ടയാടുന്നുവെന്ന് പി.വി. അൻവർ
Wednesday, January 22, 2025 1:21 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന് തന്നെ വേട്ടയാടുന്നുവെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇതെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് പോരാട്ടത്തിന് ഇറങ്ങിയത്. ആലുവയിലെ ഭൂമി ലേലത്തിൽ എടുത്തതാണെന്നും അൻവർ പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച മാധ്യമങ്ങളെ കാണുമെന്നും അൻവർ പറഞ്ഞു. എല്ലാ അന്വേഷണങ്ങളും നടക്കട്ടെ. കെട്ടിടത്തോടെയാണ് കോടതി തന്നിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം അനധികൃതമായി ഭൂമി പോക്ക് വരവ് ചെയ്ത് സ്വന്തമാക്കിയെന്ന പരാതിയിൽ അൻവറിനെതിരേ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശാനുസരണം വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് അന്വേഷണം. ആലുവയിലെ പാട്ട ഭൂമിയായ പതിനൊന്ന് ഏക്കർ പോക്ക് വരവ് ചെയ്ത് സ്വന്തം പേരിലാക്കിയെന്നാണ് അൻവറിനെതിരെയുള്ള പരാതി.
വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശിപാർശ ചെയ്യുകയുംതുടർന്ന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിടുകയുമായിരുന്നു.