മാലൂരിലെ അമ്മയുടെയും മകന്റെയും മരണം; അമ്മയെ കൊലപ്പെടുത്തിയതെന്ന് നിഗമനം
Wednesday, January 22, 2025 12:56 PM IST
മട്ടന്നൂർ: മാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയശേഷം കട്ടിലിൽ കിടത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെയാണു നിട്ടാറമ്പ് ചാത്തോത്ത് പറമ്പൻ നിർമല (62), മകൻ സുമേഷ് (38) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുമേഷ് വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിലും നിർമല അതേ മുറിയിൽ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു.
നിർമലയുടെ തലയ്ക്കും മുഖത്തും പരിക്കുണ്ടായിരുന്നു. വീട്ടു ചുമരിലും അടുക്കളയിലും ഹാളിലും രക്തക്കറ കാണപ്പെട്ടിരുന്നു. ചുമരിൽ തെറിച്ച രക്തം തുടച്ചു മാറ്റാൻ ശ്രമിച്ച നിലയിലും കണ്ടെത്തി. കൊലപാതകം നടത്തിയ ശേഷം നിർമലയുടെ മൃതദേഹം കിടപ്പുമുറിയിലെ കിടക്കയിൽ കൊണ്ടുപോയി കിടത്തിയതായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. പോലീസ് നായ വീട്ടിൽ മണം പിടിച്ച് ഓടിയതല്ലാതെ പുറത്തേക്ക് പോയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം കാരണം വ്യക്തമാകൂ.
പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദിന്റെ നേതൃത്വത്തിൽ മാലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ സജിത്താണ് കേസ് അന്വേഷിക്കുന്നത്. ഇന്നു രാവിലെ ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിനുള്ളിൽ വെളിച്ചം കാണാത്തതിലും ഇരുവരെയും പുറത്ത് കാണാതെ വന്നതിനാലും സംശയം തോന്നിയ നാട്ടുകാർ ആശാ വർക്കറെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് മാലൂർ എത്തി വീട് തുറന്നു പരിശോധിച്ചത്.
ഇടുക്കി മറയൂരിൽ കെഎസ്ഇബിയിൽ ജോലി ചെയ്യുന്ന ഏക മകൻ സുമേഷും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസം. ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിൽ ബഹളമുണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് രാത്രിയായിരിക്കാം കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.