അതിരപ്പിള്ളിയില്‍ മസ്തകത്തിനു പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു; ചികിത്സ ഉടൻ തുടങ്ങും
Wednesday, January 22, 2025 11:48 AM IST
അതിരപ്പിള്ളി: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു. മയങ്ങിയശേഷം ആനയുടെ മുറിവുകൾ പരിശോധിച്ച് മരുന്നുകൾ നൽകി ചികിത്സ തുടങ്ങും. ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ 14 ലാണ് ആനയുണ്ടായിരുന്നത്.
അവശനിലയിലായിരുന്ന ആന തുരുത്തിൽ നിന്ന് പ്ലാന്റേഷനിലേക്ക് നീങ്ങിയപ്പോഴാണ് ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതതൃത്വത്തിലുള്ള വിദഗ്ധ സംഘം ആനയെ മയക്കുവെടി വെച്ചത്. 20 അംഗ ദൗത്യസംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
ആനയുടെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണുള്ളത്. ആനയ്ക്ക് ഭക്ഷണം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. മസ്തകത്തിലാണ് മുറിവേറ്റിട്ടുള്ളത്. അതിന്റെ മുൻഭാഗം എയർസെല്ലുകളാണ്. ഈ സെല്ലുകൾക്ക് അണുബാധ ബാധിച്ചിട്ടുണ്ട്. അതിനാലാണ് മസ്തകത്തിനുള്ളിൽ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുന്നത്.
ആയതിനാൽ തന്നെ അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ മരണം പോലും സംഭവിക്കാമെന്ന് ഡോ.അരുണ്‍ സക്കറിയ പറഞ്ഞിരുന്നു.വനംവകുപ്പിന്റെ എല്ലാ സംഘങ്ങളും പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.