സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Tuesday, January 21, 2025 8:06 PM IST
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര മുക്കാളിയിലുണ്ടായ അപകടത്തിൽ കുഞ്ഞിപ്പള്ളിയിൽ സ്റ്റേഷനറി കട നടത്തുന്ന വിനയ നാഥ് ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ലേഷ്യര്‍ എന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. സംഭവം നടന്ന ഉടൻ തന്നെ വിനയ നാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബസ് കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.