കോവിഡ് കാലത്ത് കൊള്ളയോ?; പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി
Tuesday, January 21, 2025 5:21 PM IST
തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ മൂന്നിരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെങ്കിൽ മാര്‍ച്ച് 30ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നാണ് കിറ്റ് വാങ്ങിയത്. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വിലയിൽ 1000 രൂപയുടെ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.