കലാ രാജു കോടതിയില്‍ ഹാജരായില്ല; രഹസ്യമൊഴി ആശുപത്രിയില്‍നിന്ന് തന്നെ എടുക്കും
Tuesday, January 21, 2025 3:24 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ വനിത കൗണ്‍സിലര്‍ കലാ രാജു രഹസ്യമൊഴി നൽകാൻ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്.
ആരോഗ്യപ്രശ്നങ്ങൾ മൂലം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകാനായിരുന്നു നിർദേശം. നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കോലഞ്ചേരിയിലെത്തി മൊഴി നൽകാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മജിസ്ട്രേറ്റ് ഇന്ന് വൈകിട്ട് ആശുപത്രിയിലെത്തി ഇവരുടെ രഹസ്യമൊഴിയെടുക്കും. ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണമുയർന്നത്. സ്വന്തം പാർട്ടിക്കാർ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.