വിജയലക്ഷ്യം 32 റൺസ്; 2.5 ഓവറിൽ കളിതീർത്ത് ഇന്ത്യൻ കുമാരികൾ, ഗ്രൂപ്പിൽ ഒന്നാമത്
Tuesday, January 21, 2025 2:54 PM IST
ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എയില്‍ മലേഷ്യയ്ക്കെതിരേ ഇന്ത്യയ്ക്ക് പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത മലേഷ്യ ഉയർത്തിയ 32 റണ്‍സ് വിജയലക്ഷ്യം വെറും 2.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടന്നു.
ഓപ്പണർമാരായ ഗോംഗഡി തൃഷ (12 പന്തില്‍ 27), ജി. കമാലിനി (നാല്) എന്നിവരാണ് കണ്ണടച്ചു തുറക്കുംമുമ്പെ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യയെ 14.3 ഓവറിലാണ് ഇന്ത്യ പുറത്താക്കിയത്. നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയാണ് മലേഷ്യൻ ബാറ്റിംഗ് നിരയെ തകർത്തത്. ആയുഷി ശുക്ല എട്ടു റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മലയാളി താരം ജോഷിത ഒരു വിക്കറ്റും വീഴ്ത്തി.
മലേഷ്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അഞ്ചു റൺസിൽ കൂടുതൽ കണ്ടെത്താനായില്ല. അഞ്ച് റണ്‍സ് വീതം നേടിയ ഹുസ്ന, നുര്‍ ആലിയ എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. എക്സ്ട്രാ ഇനത്തിൽ ലഭിച്ച 11 റൺസ് കൂടി ഇല്ലായിരുന്നെങ്കിൽ ആതിഥേയരുടെ നില അതീവ ദയനീയമാകുമായിരുന്നു.
തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. രണ്ടാംസ്ഥാനക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.