വയനാട് ദുരന്തം; കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു
Tuesday, January 21, 2025 9:15 AM IST
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ - ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാണാതായവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ആശ്രിതർക്കും നൽകും.
ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയാറാക്കിയിട്ടുണ്ട്. മരണം രജിസ്റ്റർ ചെയ്ത് മരണസർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.