ട്രംപ് വൈറ്റ് ഹൗസിൽ; സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി
Monday, January 20, 2025 9:28 PM IST
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഉടൻ സ്ഥാനമേൽക്കും. സത്യപ്രതിജ്ഞയ്ക്കായി ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും വൈറ്റ് ഹൗസിലെത്തി.
വൈറ്റ് ഹൗസിലെത്തിയ ഇവരെ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. പ്രതികൂല കാലാവസ്ഥ മൂലം ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക.
സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വാഷിംഗ്ടണിലെത്തി.
അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.