വിദ്യാർഥികളെ കുത്തിനിറച്ച് സർവീസ്; സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു
Monday, January 20, 2025 5:03 PM IST
തിരുവനന്തപുരം: വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോയ സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു. തിരുവനന്തപുരം പെരുമാതുറയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ശാർക്കര നോബിൾ സ്കൂളിന്റെ ബസാണ് നാട്ടുകാർ തടഞ്ഞത്.
ദിവസങ്ങളായി സ്വകാര്യ സ്കൂളിലെ ബസ് വിദ്യാർഥികളെ കുത്തിനിറച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ രക്ഷകർത്താക്കൾ പിടിഎ കമ്മിറ്റിയിലടക്കം പലതവണ പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല.
തുടർന്ന് പുതുക്കുറിച്ചി ഭാഗത്തു നിന്നും സ്കൂളിലേക്ക് പുറപ്പെട്ട ബസ് നാട്ടുകാർ തടയുകയായിരുന്നു. അറുപതോളം പേരെയാണ് ഒരു ബസിൽ കയറ്റിക്കൊണ്ടു പോകുന്നതെന്നും പരാതി പറഞ്ഞിട്ടും സ്കൂൾ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മറ്റൊരു സ്കൂൾ ബസ് എത്തിച്ച് എല്ലാ വിദ്യാർഥികൾക്കും ഇരുന്നു പോകാനുള്ള സൗകര്യം ഒരുക്കി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.