ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് അടിച്ചുതകര്‍ത്ത കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
Monday, January 20, 2025 12:24 PM IST
കൊച്ചി: ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പേരേപ്പാടം കണിയാപറമ്പില്‍ ഋതു ജയന്റെ (26) വീട് അടിച്ചുതകര്‍ത്ത കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍.
ഗോവിന്ദ്, ജിബിന്‍ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഗോവിന്ദ് പ്രതി ഋതുവിന്റെ സുഹൃത്താണ്. പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന ജിതിന്റെ സുഹൃത്താണ് ജിബിന്‍.
ഞായറാഴ്ച വൈകുന്നേരം ആറിനാണ് ഇവര്‍ വീട് അടിച്ചുതകര്‍ത്തത്. വീടിന്റെ ജനല്‍ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും തകര്‍ത്തിട്ടുണ്ട്. ഈ വീട്ടില്‍ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാല്‍, കൊലക്കേസില്‍ ഋതു പ്രതിയായതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെനിന്നു കെടാമംഗലത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. ജനവികാരം കണക്കിലെടുത്ത് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീട്ടില്‍നിന്നും മാറിനിന്നത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതി ഋതുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് തിരികെ കൊണ്ടു പോകുന്ന സമയത്തും അയാളെ അക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പറവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇത് ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൊലപാതകം നടന്ന വീട്ടിലടക്കം തെളിവെടുപ്പിനെത്തിക്കും.
അയല്‍വാസികളായിരുന്ന കാട്ടിപറമ്പില്‍ വേണു (65)ഭാര്യ ഉഷ (58) മകള്‍ വിനീഷ(32) എന്നിവരാണ് ഋതു തലയ്ക്ക് ഇരുമ്പ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. അക്രമണത്തില്‍ പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.