ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
Monday, January 20, 2025 11:29 AM IST
കണ്ണൂര്‍: ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശി ശരണ്യയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം.
ഏറെക്കാലമായി ഇവര്‍ ജാമ്യത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ കേരളത്തിന് പുറത്തായിരുന്നു താമസം.
വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇവരെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന് വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.