ഇനി സമാധാനം; ഗാസയിൽ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ അംഗീകാരം
Saturday, January 18, 2025 6:39 AM IST
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.
വിട്ടയയ്ക്കുന്ന ബന്ദികളുടെ പേരുകൾ ഇന്നു വൈകുന്നേരം ഹമാസ് അറിയിക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ പ്രാബല്യത്തിലാകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗാസ നിവാസികളും ബന്ദികളുടെ ബന്ധുക്കളും. വെടിനിർത്തലുണ്ടാകുമെന്ന് ബുധനാഴ്ച ഖത്തറും യുഎസും പ്രഖ്യാപനം നടത്തിയശേഷവും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 116 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മാത്രം 72 പേരാണു കൊല്ലപ്പെട്ടത്.
കരാറിന് മൂന്നു ഘട്ടങ്ങളാണുള്ളത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. സ്ത്രീകൾ, കുട്ടികൾ, അന്പതിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ 33 പേരെയാണു വിട്ടയയ്ക്കുക. പകരം ഇസ്രേലി ജയിലുകളിലുള്ള നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കും. ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രേലി സേന ഘട്ടംഘട്ടമായി പിന്മാറും.
ദിവസം 600 ലോറി സഹായവസ്തുക്കൾ ഗാസയിലേക്കു കടത്തിവിടും. ഗാസ നിവാസികൾക്ക് സ്വന്തം വീടുകളിലേക്കു മടങ്ങാം. പരിക്കേറ്റവരെ മറ്റു രാജ്യങ്ങളിൽ ചികിത്സയ്ക്കു കൊണ്ടുപോകാൻ അനുവദിക്കും.
രണ്ടാം ഘട്ടത്തിൽ വെടിനിർത്തൽ സ്ഥിരമാകും. ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവൻ ബന്ദികളും മോചിതരാകും. ഇസ്രേലി സേന ഗാസയിൽനിന്നു പൂർണമായി പിന്മാറും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ ഭരണത്തിനായി പ്രത്യേക സമിതി നിലവിൽ വരും. അന്താരാഷ്ട്ര സഹായത്തോടെ ഗാസയുടെ പുനരുദ്ധാരണം നടപ്പാക്കും.
ഹമാസുമായി ഉടമ്പടി വച്ചാൽ സർക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാർ ബെൻഗ്വിർ, ധനമന്ത്രി ബസലേൽ സ്മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാൽ മുന്നോട്ടുപോകാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.