തണുപ്പകറ്റാൻ കത്തിച്ച തീയിൽ നിന്നും പുക ശ്വസിച്ച് ദമ്പതികൾ മരിച്ചു
Saturday, January 18, 2025 4:02 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തണുപ്പകറ്റാൻ കത്തിച്ച തീയിൽ നിന്നും പുക ശ്വസിച്ച് ദമ്പതികൾ മരിച്ചു. ഭിലാംഗന മേഖലയിലെ ദ്വാരി-തപ്ല ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദൻ മോഹൻ സെംവാൽ (52), ഭാര്യ യശോദാ ദേവി (48) എന്നിവരാണ് മരിച്ചത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും ഗ്രാമത്തിലെത്തിയത്. കടുത്ത തണുപ്പിനെ തുടർന്ന് രാത്രി 11 ഓടെ ഇവർ വിറക് കൂട്ടി തീ കത്തിച്ചതിന് ശേഷം ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ മകൻ വന്ന് ഇവരെ വിളിച്ചുവെങ്കിലും ഇവർ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.