നെടുമങ്ങാട്ട് അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം; ഡ്രൈവർ ഒളിവിൽ
Saturday, January 18, 2025 1:22 AM IST
തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് അപടത്തിൽപ്പെട്ടത് കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാവല്ലൂർ സ്വദേശി ദാസിനി(61) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ 26പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് കുട്ടികളെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ആശുപത്രിയിൽ 13 പേരും ചികില്‍സ തേടി.
പെരുങ്കടവിള, കീഴാറൂർ, കാവല്ലൂർ പ്രദേശത്ത് നിന്നുള്ളവരും ബന്ധുക്കളുമാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായി. റോഡില്‍ പരന്ന ഇന്ധനം അഗ്നിരക്ഷാസേന വെള്ളം ഉപയോഗിച്ച് നീക്കി. സംഭവത്തിന് പിന്നാലെ ബസിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്നും മാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും ലോറിയുമായി മല്സരയോട്ടത്തിനിടെയാണ് അപകടമെന്നും ദൃക്സാക്ഷി പറഞ്ഞു. റോഡിലെ ഇടതുവശത്തെ ഓടയുടെ മേല്മൂടി പൊട്ടിയത് അപകടകാരണമായിയെന്നും സൂചന. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ബസ് ക്രെയിൻ എത്തിച്ച് ഉയർത്തി.