മും​ബൈ: ഐ​സി​സി ചാന്പ്യൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ചീ​ഫ് സെ​ല​ക്റ്റ​ര്‍ അ​ജി​ത് അ​ഗാ​ര്‍​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ക. രോഹിത് ശർമ തന്നെയായിരിക്കും ടീം ഇന്ത്യയെ നയിക്കുക എന്നാണ് സൂചന.

പാ​ക്കി​സ്ഥാ​ന്‍ വേ​ദി​യാ​കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ദു​ബാ​യി​ലാ​ണ്. അ​ടു​ത്ത മാ​സം 19നാ​ണ് ചാ​ന്പ്യ​ന്‍​സ് ട്രോ​ഫി ആ​രം​ഭി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 20നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ബം​ഗ്ലാ​ദേ​ശാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി.
ഇ​ന്ത്യ - പാ​കി​സ്ഥാ​ന്‍ മ​ത്സ​രം 23ന് ​ന​ട​ക്കും. മാ​ര്‍​ച്ച് ര​ണ്ടി​ന് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​വും ന​ട​ക്കും. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും മാ​ത്ര​മാ​ണ് ഇ​നി ടീം ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്.

ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും കു​ല്‍​ദീ​പ് യാ​ദ​വി​ന്‍റെ​യും ഫി​റ്റ്‌​ന​സ് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ടീം ​പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ച്ച​ത്. അ​ടു​ത്തി​ടെ സ​മാ​പി​ച്ച ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി​യു​ടെ അ​വ​സാ​ന ടെ​സ്റ്റി​ലാ​ണ് ബു​മ്ര​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ചാം​പ്യ​ന്‍​സ് ട്രോ​ഫി​ക്ക് ഉ​ണ്ടാ​കു​മോ എ​ന്ന് പോ​ലും ഉ​റ​പ്പി​ല്ല.

ബും​റ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ക​ളി​ക്കി​ല്ലെ​ന്നും ഫി​റ്റ്‌​നെ​സ് വീ​ണ്ടെ​ടു​ത്താ​ല്‍ നോ​ക്കൗ​ട്ട് റൗ​ണ്ടി​ല്‍ ക​ളി​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​നേ​യും ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.