പി. ജയരാജൻ വധശ്രമക്കേസ്: പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീംകോടതിൽ
Friday, January 17, 2025 2:54 PM IST
ന്യൂഡല്‍ഹി: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.
സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. പ്രതികളെ വെറുതേവിട്ടതിനെതിരെ പി. ജയരാജന് നല്കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേസില്‍ മാര്‍ച്ച് മൂന്നിന് വിശദമായ വാദം കേള്‍ക്കാന്‍ ജസ്റ്റീസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തീരുമാനിച്ചു.
ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരും ജയരാജനും സുപ്രീംകോടതിയെ സമീപിച്ചത്.