അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്: ഇമ്രാൻ ഖാനും ഭാര്യയ്ക്കും വീണ്ടും തടവ്
Friday, January 17, 2025 2:42 PM IST
ഇസ്ലാമാബാദ്: അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിക്കും തടവ് ശിക്ഷ. ഇമ്രാന് ഖാന് 14 വര്‍ഷവും ബുഷ്റ ബീവിക്ക് ഏഴുവര്‍ഷവുമാണ് ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതി ശിക്ഷവിധിച്ചത്. വ്യത്യസ്ത കാരണങ്ങളാൽ മൂന്നുതവണ മാറ്റിവച്ച വിധിയാണ് ജഡ്ജി നാസിര്‍ ജാവേദ് റാണ പ്രസ്താവിച്ചത്.
ഇമ്രാൻ ഖാനും ബുഷ്റാ ബീവിയും സ്ഥാപിച്ച അൽ-ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസ്. 2023 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഇമ്രാനും ബുഷ്റയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല. 200 ഓളം കേസുകളിൽ കുറ്റാരോപിതനായ ഇമ്രാൻ ഖാൻ, 2023 ഓഗസ്റ്റ് മുതൽ ജയിലുകളിൽ കഴിയുകയാണ്.