ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി
Friday, January 17, 2025 1:28 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിനെ കണ്ടത്.
മന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കോല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് മുഖ്യമന്ത്രി ഉമാ തോമസിനെ കാണാനെത്തിയത്.
കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തിൽ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൃദംഗ നാദം എന്ന പേരിൽ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയിൽ നിന്നും വീണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റ് പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ കിടന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല.
ഫിസിയോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ. ബിന്ദു അടക്കമുള്ള സംഘത്തോടെ വീഡിയോ കോളിലൂടെ ഉമാ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.