ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
Friday, January 17, 2025 10:47 AM IST
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്പേസ് വാക്ക്.
ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്തായിരുന്നു നടത്തം. ബഹിരാകാശവാഹനത്തിലെ റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്കോപ് സര്‍വീസ് ചെയ്യുന്നതുമായിരുന്നു പ്രധാന ജോലികള്‍.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇതാദ്യമായാണ് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങുന്നത്.
ഈ മാസം 23-നും ബുച്ച് വിൽമോറിനൊപ്പവും സുനിത വില്യംസ് സ്പേസ് വാക്ക് നടത്തും. മാർച്ചിലോ ഏപ്രിലോ ഇരുവരും സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.