കണ്ണൂരിൽ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ; ഹൃദ്രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല
Friday, January 17, 2025 10:43 AM IST
കണ്ണൂർ: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.
എരഞ്ഞോളി നായനാർ റോഡിൽ വ്യാഴാഴ്ചയാണ് സംഭവം. ഹൃദ്രോഗത്തെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റുക്കിയയെ നില ഗുരുതരമായതോടെ തലശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ പല തവണ ഹോൺ മുഴക്കിയെങ്കിലും മുന്നിൽ പോയ കാർ ആംബുലൻസിന് വഴി നൽകിയില്ല. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും റുക്കിയയുടെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ യാത്രികനെതിരേ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.