താമരശേരിയിൽ കാർ കെഎസ്ആർടി ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു
Friday, January 17, 2025 10:36 AM IST
കോഴിക്കോട്: താമരശേരിയിൽ ലോറിക്കും കെഎസ്ആർടിസി ബസിനുമിടയിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 11 പേർ ചികിത്സയിലാണ്.
കോഴിക്കോട് - വയനാട് ദേശീയപാതയിൽ താമരശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്ന് വളവിൽ രാത്രി 11:15 നാണ് അപകടമുണ്ടായത്.
തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാർ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽനിന്നു വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലോറി കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പിന്നാലെ ഇരുവാഹനങ്ങൾക്കുമിടയിലായി കുടുങ്ങിയ കാർ പൂർണമായി തകർന്നു.
കാറില്‍ ഡ്രൈവറടക്കം മൂന്നുപേരുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാവിലെ മസൂദ് മരണത്തിനു കീഴടങ്ങിയത്.