പാലക്കാട്ടെ ബ്രൂവറി കന്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ അറസ്റ്റിലായവർ: സതീശൻ
Friday, January 17, 2025 9:59 AM IST
തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറി ഡിസ്റ്റിലറി കമ്പനിക്കായി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബ്രൂവറി നടത്താൻ അനുമതി നൽകിയ ഓയാസിസ് കമ്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ ഉൾപ്പെട്ടവരാണെന്ന് സതീശൻ ആരോപിച്ചു.
കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ അഴിമതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു പ്രദേശം മുഴുവന്‍ മലിനമാക്കിയതിന് കമ്പനിക്കെതിരേ പഞ്ചാബില്‍ കേസുണ്ട്.
നാലു കിലോമീറ്റർ പ്രദേശത്താണ് കമ്പനി മലിനീകരണമുണ്ടായത്. വ്യാവസായിക മാലിന്യം കുഴൽ കിണർ വഴി പുറന്തള്ളി. ഇത് വലിയ ജലമലിനീകരണത്തിന് കാരണമായെന്നും സതീശൻ പറഞ്ഞു.
കഞ്ചിക്കോട് ഈ മദ്യ നിർമാണശാല നിർമിക്കാൻ അനുവദിക്കില്ല. പാലക്കാട് ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയുണ്ട്. കമ്പനിക്ക് ലൈസൻസ് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. പ്ലാന്റുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശൻ കൂട്ടിച്ചേർത്തു.